മണവാളനെ പോലെ ഉറങ്ങൂ

മുഈനുദ്ദീൻ ബാഖവി
2026 സെപ്റ്റംബർ 18• 2 മിനിറ്റ്വിവാഹം

'മണവാളനെ പോലെ ഉറങ്ങൂ'

نم كنومة العروس

നൂർ ഫൈസി ഉസ്താദ് കുട്ടികൾക്ക് ഹദീസ് ക്ലാസ്സ് എടുക്കുകയാണ്.
നബി തിരുമേനി(صلى الله عليه وسلم)യുടെ വിശുദ്ധ വചനങ്ങൾ കുട്ടികളെ വായിച്ചു കേൾപ്പിക്കുകയാണ് ഉസ്താദ്.

"തിരുനബി പറഞ്ഞു:
പരലോകത്തേക്കുള്ള യാത്രയുടെ ആദ്യരാത്രിയിൽ ഖബറിലെത്തിയ സൽവൃർത്തനമായ സത്യവിശ്വാസിയോട് അവിടെ പ്രത്യക്ഷപ്പെടുന്ന സുന്ദരനായ മലക്ക് പറയുമത്രേ’മണവാളനും മണവാട്ടിയും ഉറങ്ങും പോലെ ഉറങ്ങിക്കോളൂ എന്ന്"

ഒരു വിദ്യാർത്ഥി ചോദിച്ചു’ എന്താണ് ഉസ്താദെ ഇതിൻ്റെ അർത്ഥം?’അത് എന്ത് ഉറക്കാണ്?

ഉസ്താദ് ഹദീസിൻ്റെ ആഴം തൊട്ട് ഇപ്രകാരം മറുപടി പറഞ്ഞു:

മുമ്പ് കാലത്ത് മണവാട്ടിയും മണവാളനും കാണുന്നത് കല്യാണ രാത്രിയാണ്.ഇപ്പോഴത്തെ പോലെ ചാറ്റിങ്ങും കറക്കവും കഴിഞ്ഞിട്ടല്ല.അതിനുമുമ്പ് അവർക്കിടയിൽ സംസാരങ്ങളോ യാത്രകളോ ഒന്നുമില്ല.പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടു വന്നാൽ കല്യാണ രാത്രിയാണ് ആദ്യമായി അവളെ കാണുന്നതും തൊടുന്നതുമൊക്കെ.

പുരുഷനും സ്ത്രീയും കണ്ടുമുട്ടുന്ന ഈ രാത്രിയിൽ അവർ തൊട്ടും തലോടിയും തൊട്ടിരുന്നും സ്നേഹത്തിൻ്റെ കഥ പറഞ്ഞും പ്രേമത്തിന്റെ കവിത പെയ്തും തീരാതെ അവർ മുഖത്തോടു മുഖം നോക്കിയിരിക്കും.മൈലാഞ്ചിയിട്ട അവളുടെ കൈ വിരലുകളിൽ അയാൾ തൻ്റെ വിരലുകൾ കോർത്തുപിടിച്ചു.ഇന്നത്തെ രാത്രിക്ക് പ്രഭാതം ഉണ്ടാവരുതേ എന്ന് അവർ ഇടക്ക് പ്രാർത്ഥിച്ചു.അർദ്ധരാത്രി പിന്നിട്ടതോ മിനിറ്റ് സൂചി മണിക്കൂർ സൂചിയെ പലവട്ടം വലയം വച്ചതോ ഒന്നും അവർ ശ്രദ്ധിച്ചതേയില്ല.രാത്രി ഏറെ കഴിഞ്ഞപ്പോൾ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്ന അവളുടെ കണ്ണുകളിൽ നിന്ന് അയാൾ അയാളുടെ കണ്ണുകൾ പറിച്ചെടുത്ത് ചുമരിലെ ക്ലോക്കിലേക്ക് നോക്കി.അന്തംവിട്ട് അയാൾ പറഞ്ഞു ‘എടീ ഈ രാത്രി നമ്മെ ചതിച്ചൂട്ടോ.സുബഹ് ബാങ്ക് കൊടുക്കാൻ മിനിറ്റുകളെ ബാക്കിയുള്ളൂ.

പറയാൻ ബാക്കിവെച്ചത് എവിടെയും എത്താതെ രണ്ടുപേരും സൂര്യനുദിക്കാത്ത അടുത്ത നീണ്ട രാത്രിക്ക് വേണ്ടി കാത്തു കാത്തിരുന്നു.

കുട്ടികളെ,
ഇത് എല്ലാവരുടെയും ആദ്യരാത്രിയുടെ അനുഭവമാണ്.

കുട്ടി ചോദിച്ചു: "ഉസ്താദിനും അങ്ങനെയായിരുന്നോ ആദ്യരാത്രി ?"

‘മോനെ എന്റേത് എങ്ങനെയായിരുന്നു എന്നതല്ലല്ലോ നമ്മുടെ വിഷയം,അത് എങ്ങനെയായാലും ഇതു പോലെയാണ് കബറാളിയുടെ കബറിലെ ജീവിതം എന്ന് മനസ്സിലാക്കിയാൽ മതി.

ഉസ്താദിൻ്റെ ഗഹനമായ ഉപമയിൽ കുട്ടികളുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി വിടർന്നു.

ഉസ്താദ് തുടർന്നു.
‘ജീവിതത്തിൽ ചെയ്ത സൽകർമ്മങ്ങളുടെ പേരിൽ, നമ്മുടെ കഥയിലെ മണവാളനെയും മണവാട്ടിയെയും പോലെ കബറാളി തനിക്ക് ലഭിച്ച സുഖ സൗകര്യങ്ങളിൽ ലയിച്ചുചേരും.ആ ലയനത്തിൽ മാറിമാറി വന്ന സൂര്യാസ്തമയങ്ങളോ ഖബറിന്റെ കൂരിരുട്ടോ അയാളുടെ ശ്രദ്ധയിൽ വരുകയേ ഇല്ല.അയാൾ ഉപേക്ഷിച്ചു പോന്ന ദുനിയാവിന്റെ ജീവിതത്തെക്കുറിച്ച് അയാൾ ചിന്തിക്കുകയും ഇല്ല.

പരമസുഖത്തിൽ സ്വയം മറന്നിരിക്കുകയാകും അയാൾ.
അന്ത്യനാളിന്റെ വിളി വരുമ്പോളാണ് അയാൾ യാഥാർത്ഥത്തിലേക്ക് ഉണരുന്നത്. പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോളാണ് പിന്നിൽ നൂറ്റാണ്ടുകളുടെ സൂര്യാസ്തമയങ്ങൾ സംഭവിച്ചിട്ടുണ്ടായിരുന്നുവെന്ന് ബോധ്യമായത്.

ഈ രാത്രി ഇത്ര നേരത്തെ നേരം വെളുത്തോ എന്ന് ചോദിക്കുന്ന മണവാട്ടിയെയും മണവാളനെയും പോലെയാണ് സൽക്രമങ്ങളുമായി മണ്ണറയിലെത്തുന്ന സത്യവിശ്വാസി.
അല്ലാഹു നമ്മെ അങ്ങനെ ആക്കി തരട്ടെ.

© 2026 മുഈനുദ്ദീൻ ബാഖവി പി | Mueenudeen Baqavi P. All rights reserved.