മാതൃക കാട്ടി പാണക്കാട്ടെ തിരു മംഗലം.

മുഈനുദ്ദീൻ ബാഖവി
2026 ജൂലൈ 312 മിനിറ്റ്മുൻകറാത്തുകൾ

ഞാൻ ഇതുവരെ പങ്കെടുത്ത കല്യാണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതും അതേസമയം ഇസ്ലാമികമായി ഏറെ മാതൃകാപരവുമായ കല്യാണമായിരുന്നു പണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് റാജിഹ് തങ്ങളുടെ കല്യാണം.

ഞാൻ മാത്രം പറയുന്നതല്ല, പങ്കെടുത്തവരുടെ ഒക്കെ അഭിപ്രായമാണ്. ആണും പെണ്ണും തീരെ തന്നെ കൂടിക്കലരാതെ ഇത്രയും ഗംഭീരമായ ഒരു പരിപാടി എങ്ങനെ സാധിച്ചു എന്ന് പലരും അത്ഭുതപ്പെടുന്നുണ്ടായിരുന്നു.

‘മുൻകറാത്തുകൾ’ മുന്നിൽ കാണുമ്പോൾ വാക്കുകൊണ്ട് തിരുത്താൻ സാധിച്ചില്ലെങ്കിൽ മനസ്സു കൊണ്ടെങ്കിലും വെറുക്കുന്നതാണല്ലോ ഈമാനിന്റെ ഏറ്റവും ദുർബലമായ അവസ്ഥ. ഇന്ന് മാപ്പിളമാരുടെ കല്യാണങ്ങൾ മുൻകറാത്തുകളുടെ മേളങ്ങളായി മാറിയിട്ടുണ്ട് എന്നത് ആർക്കും നിഷേധിക്കാനാവില്ല.

മതഭക്തിയുള്ള ഏതൊരു വ്യക്തിക്കും മാനസികമായി വെറുത്തു കൊണ്ടല്ലാതെ ഇത്തരം കല്യാണങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഒന്നും പറയാനാവാതെ മനസ്സ് വെറുത്ത് ഭക്ഷണം കഴിച്ചു പോരുന്നവരാണ് പലരും.

കുറച്ചു മുമ്പ് വരെ ആണിനും പെണ്ണിനും കല്യാണ വീട്ടിലേക്ക് വെവ്വേറെ വഴികൾ ഉണ്ടായിരുന്നു. ഇരുകൂട്ടർക്കുമിടയിൽ മറയുണ്ടായിരുന്നു. ആദ്യം നാം വഴി ഒന്നാക്കി. പിന്നെ മറകൾ നീക്കി. എന്നിട്ട് എല്ലാവരെയും സ്റ്റേജിൽ കയറ്റി പ്രദർശിപ്പിച്ചു. പിന്നെ ആണും പെണ്ണും ഒരുമിച്ചുള്ള സ്റ്റേജ് ഷോയും ഡാൻസും ആയി. സ്ത്രീ പുരുഷ കൂടിക്കലർച്ചയുടെ നിയമങ്ങൾ ലംഘിക്കാൻ ഇനി ഒന്നും ബാക്കിയില്ല.

റിസപ്ഷനിൽ ആണും പെണ്ണും ഒരുമിച്ച് നിന്ന് ലിംഗ വ്യത്യാസമില്ലാതെ കൈ കൊടുക്കുന്ന അവസ്ഥ വരെ എത്തിയല്ലോ. ഇസ്ലാമിക ബോധമുണ്ടെന്ന് നമ്മൾ കരുതുന്ന കുടുംബങ്ങളുടെ വരെ കല്യാണങ്ങളുടെ അവസ്ഥ ഇതാണ്.

ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ മാനക്കേടും സ്റ്റാറ്റസ് കുറവും ആകുന്നിടത്ത് വരെ എത്തിയതാണ് ഇതിലെ ഏറ്റവും വലിയ ദുരന്തം. വെറുത്തു മാറി നിൽക്കേണ്ടതിനു പകരം മൗനം പോലും സാധ്യമല്ലാത്ത, തിരുത്ത് പറയാൻ ആരുമില്ലാത്ത അവസ്ഥ സാമൂഹിക അവസ്ഥയാണ്.

പാണക്കാട് കുടുംബത്തിൻ്റെ കല്യാണത്തിൽ ഇതൊന്നും ഉണ്ടായില്ല. ആണുങ്ങൾ വേറെ പെണ്ണുങ്ങൾ വേറെ. ഇങ്ങനെ ആകുമ്പോഴല്ലേ അനുവദിക്കപ്പെട്ട ഇസ്ലാമിക സ്വാതന്ത്ര്യം സ്ത്രീകൾക്ക് ആസ്വദിക്കാനാവൂ.

മെഹന്തിയും ഒപ്പനയും ഇഷ്ട വസ്ത്ര ധാരണവും ഒന്നുമില്ലാത്ത കല്യാണത്തിന് എന്ത് രസമാണുള്ളത്.
ആണുങ്ങളുടെ സാന്നിധ്യം കാരണം ആകെ കെട്ടിപ്പൊതിഞ്ഞു നിഖാബ് പോലും ഉയർത്താനാവാത്ത മറവേണമെന്ന് ആഗ്രഹിക്കുന്ന പെണ്ണിൻ്റെ പ്രയാസം പുരുഷന്മാർക്ക് മനസ്സിലാവില്ല.

കേരളത്തിലെ മത സംഘടന രാഷ്ട്രീയ മണ്ഡലത്തിലെ എല്ലാ പ്രമുഖരും കല്യാണത്തിന് എത്തി. പെണ്ണിനെ കൂട്ടി ഫോട്ടോ എടുക്കാഞ്ഞിട്ട് ആരും ഒരാക്ഷേപവും പറഞ്ഞത് കേട്ടില്ല. നമ്മൾ നിശ്ചയിച്ച് നമ്മുടെ കാശ് മുടക്കി നടത്തുന്ന കല്യാണം എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ഇവൻ്റ്മാ നേജ്മെൻ്റോ നാട്ടുകാരോ അല്ല.

അങ്ങനെ ആയാൽ അല്ലാഹുവിനും റസൂലിനും ഇഷ്ടപ്പെട്ട വിധത്തിൽ കല്യാണം വിശുദ്ധമായി നടക്കും.
അതിന് നമ്മുടെ തങ്ങളുടെ കല്യാണം പ്രചോദനമാവട്ടെ.

ബഹു തങ്ങളുടെ പത്നി സജ്ന ബീവിത്ത മുനവ്വറലി തങ്ങളുടെ നേതൃത്വത്തിൽ ഞാൻ നടത്തുന്ന അന്നൂർ ഓൺ ലൈൻ ശരീഅ അക്കാദമിയിലെ വിദ്യാർത്ഥിനി കൂടിയായിരുന്നതിനാൽ കുടുംബസമേതം ക്ഷണം ഉണ്ടായിരുന്നു.

പാണക്കാട് കുടുംബത്തിന്റെ മൊത്തം സ്‌നേഹ സ്വീകരണവും അതിഗംഭീര സൽക്കാരവും ഹൃദ്യമായി. വളരെ ലളിതമായിട്ടാണ് ഫുഡ് സേവിച്ചത്..

ആദ്യം ലളിതമായി വെറും ചോറും ഫിഷ് കറിയും ബ്രോസ്റ്റും. പിന്നെ ഒന്നുകൂടെ മെച്ചപ്പെടുത്തി കോഴി ബിരിയാണിയും ബ്രോസ്റ്റും അനുബന്ധങ്ങളും. പിന്നെ ഒരൽപം കനത്തിൽ നെയ്ച്ചോറും ആട് കുറുമയും. അന്നേരമാണ് അടുത്തുണ്ടായിരുന്ന കുട്ടി കൈകൊണ്ട് വയറ്റിൽ ഉഴിഞ്ഞ് ബെൽറ്റ് ലൂസാക്കി സങ്കടപ്പെട്ട് ഇങ്ങനെ പറയുന്നത് കേട്ടത് ‘പള്ള കുറച്ചു കൂടി വലുപ്പം ഉണ്ടായിരുന്നാ മത്യേനി‘ എന്ന്.
അവൻറെ പ്ലേറ്റിൽ നിന്ന് രണ്ടു പീസ് എടുത്ത് അവനെയും സഹായിച്ചു.

വ്യാഴവട്ടത്തിലൊരിക്കൽ കിട്ടുന്നതാണ് പാണക്കാട്ടുകാരുടെ സൽക്കാരം. ഇത്രയൊക്കെയെ ലളിതമാക്കാൻ പറ്റിയുള്ളൂ.

അല്ല പിന്നെ,
അല്ലാഹു ആ കുടുംബത്തിൽ ഐശ്വര്യവും ബറക്കത്തും പ്രധാനം ചെയ്യട്ടെ.നവദമ്പതികളെ അല്ലാഹു അനുഗ്രഹിക്കട്ടെ.

© 2026 മുഈനുദ്ദീൻ ബാഖവി. All rights reserved.