സ്ത്രീ സോക്സ് ധരിച്ച് നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?
നിസ്‌ക്കരിക്കുന്നയാൾ - സ്ത്രീയായാലും പുരുഷനായാലും - അയാളുടെ മുകൾഭാഗത്ത് നിന്നും വശങ്ങളിൽ നിന്നും ഔറത്ത് മറച്ചിരിക്കണം. താഴ്ഭാഗം തുറന്നു കിടക്കാം എന്നാണ് നിയമം. സ്ത്രീക്ക് ഇത് സാധ്യമാകുന്നതിന് ഭൂമിയിലേക്ക് നന്നായി ഇറങ്ങി നിൽക്കുന്ന നിസ്കാര കുപ്പായം തന്നെ നിർബന്ധം ഉണ്ടോ? അതോ പർദ്ദയും സോക്സും ധരിച്ചാൽ മതിയോ?
പർദ്ദയും സോക്സും ധരിച്ചാൽ രണ്ടിന്റെയും ഇടയിലൂടെ ഔറത്ത് കാണുമല്ലോ. ഈ കാഴ്ച ഏത് കാഴ്ചയാണ്?
ഒരു വിഭാഗം പറയുന്നത്, ഇത് വശങ്ങളിലൂടെയുള്ള കാഴ്ചയാണ്. അതിനാൽ നിസ്കാരം ശരിയാവില്ല എന്നും മറ്റൊരു വിഭാഗം, ഇത് താഴ്ഭാഗത്തിലൂടെയുള്ള കാഴ്ചയാണ്. അതുകൊണ്ട് ഈ രീതിയിൽ ഔറത്ത് മറച്ചാൽ മതിയെന്നുമാണ്.
സാധാരണയായി സ്ത്രീകൾ ഇപ്പോൾ ഇങ്ങനെയാണ് ചെയ്തുവരുന്നത്. ജലീൽ സഖാഫി എന്ന പണ്ഡിതൻ ഈ അഭിപ്രായക്കാരനാണ്. നാദാപുരത്തുള്ള മുജീബ് വഹബി എന്ന പണ്ഡിതൻ ആദ്യത്തെ അഭിപ്രായക്കാരനും. വേറെ ചിലരുടെ പേര് വച്ച് എഴുതിയ വീക്ഷണങ്ങളും കണ്ടു. എല്ലാം ആരോഗ്യകരമായ കർമശാസ്ത്ര ചർച്ചയായിരുന്നു.
തർക്കത്തിന്റെ കാരണം?
ശരിയാകും എന്ന് പറയുന്നവരുടെ ന്യായം ഈ സ്ത്രീ മുഴുവൻ ഔറത്തും മറച്ചിട്ടുള്ളതിനാൽ സോക്സിനും പർദ്ദക്കും ഇടയിലൂടെ ഔറത്ത് കാണുന്നത് പ്രശ്നമല്ല. അത് താഴ്ഭാഗത്തു നിന്നുള്ള കാഴ്ചയാണ്. താഴ്ഭാഗത്തുനിന്ന് ഔറത്ത് മറക്കൽ നിർബന്ധമില്ലന്ന് എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. പൊതുവേ എല്ലാവരും മനസ്സിലാക്കിയതും ഇപ്രകാരമാണ്.
സോക്സ് പറ്റിലെന്ന് പറയുന്നവരുടെ ന്യായം?
താഴ്ഭാഗത്ത് നിന്ന് ഔറത്ത് മറക്കൽ നിർബന്ധമില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം ഔറത്ത് മുഴുവൻ മറച്ചു കഴിഞ്ഞതിനുശേഷം അഥവാ കാൽപാദം മുഴുവനും നിസ്കാര കുപ്പായം കൊണ്ട് മറച്ചതിനുശേഷം അതിൻ്റെ താഴ്ഭാഗത്തുനിന്ന് ഔറത്ത് കാണൽ കുഴപ്പമില്ല എന്നാണ്.
അപ്പോൾ സോക്സിന്റെയും പർദ്ദയുടെയും ഇടയിലുള്ള കാഴ്ച താഴ്ഭാഗത്തിലൂടെയുള്ള കാഴ്ചയല്ല.
വശങ്ങളിലൂടെയുള്ള കാഴ്ചയാണ്. വശങ്ങളിൽ നിന്ന് ഔറത്ത് മറക്കൽ നിർബന്ധമാണല്ലോ.
ആയതിനാൽ സ്ത്രീ നിസ്കരിക്കുകയാണെങ്കിൽ കാലിൻ്റെ അടിഭാഗവും കൂടി മറയുന്ന വിധത്തിൽ വലിപ്പത്തിലുള്ള നിസ്കാര കുപ്പായം ധരിക്കേണ്ടതാണ്. അല്ലെങ്കിൽ പാന്റ് ധരിച്ച് അത് സോക്സിന്റെ ഉള്ളിലേക്ക് ഇറക്കി വെക്കണം. അരയുടെ മുകളിലേക്ക് കാണുമെങ്കിൽ അര ഭാഗം കെട്ടുകയും വേണം.
ഇതിന് ആധാരമായിട്ടുള്ളത് യമനിലെ പണ്ഡിതന്മാരുടെ ഫത്‌വകൾ ക്രോഡീകരിച്ച ബുഗ്‌യ എന്ന ഗ്രന്ഥത്തിലെ യഹ്‌യൽ അലവി എന്നവരുടെ ഒരു ഫത്‌വയാണ്.
ഇദ്ദേഹത്തിൻറ ഫതാവ ശറഇയ്യ എന്ന ഗ്രന്ഥത്തിൽ ഈ ഫത്‌വാ കാണാം.
വിശകലനവും നിരൂപണവും.
ഈ വിഷയം സ്ത്രീകൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വലിയ ഒരു വിഭാഗം സ്ത്രീകൾ പുറത്തു പോയാൽ നിസ്കരിക്കുന്നവരല്ല. സോക്സ് നിസ്കാരം പറ്റില്ല എന്നത് കൂടി വന്നാൽ നിസ്കാരം ഒഴിവാക്കുന്നവരുടെ എണ്ണം ഇനിയും കൂടും. എല്ലാ സമയത്തും നിസ്കാരക്കുപ്പായം കരുതുക എളുപ്പവുമല്ല. ഇക്കാലംവരെ ഇപ്രകാരം നിസ്കരിച്ചു വന്നതിനെ പണ്ഡിതന്മാർ എതിർത്തിരുന്നില്ല. പെട്ടെന്ന് എങ്ങനെ ഒരു വിലക്ക് വന്നു! ഇനി സോക്സ് ധരിച്ച് നിസ്കരിക്കാൻ വല്ല ഇളവുകളും ഉണ്ടോ?ഇങ്ങനെ പലവിധ ചോദ്യങ്ങൾ ഉയരുന്നു.
സോക്സ് പറ്റില്ലെന്ന് പറയുന്നവർ ഉദ്ധരിക്കുന്ന ബിഗ്‌യയിലെ ചോദ്യം സോക്സ് ധരിക്കുന്നതിനെ സംബന്ധിച്ചല്ല. മറിച്ച് നിസ്കാര കുപ്പായത്തിന്റെ മുകളിലൂടെ മുഖമക്കന ധരിച്ചാൽ അതിൻ്റെ വിടവിലൂടെ നെഞ്ചോ കഴുത്തോ കാണുന്നതിനേ സംബന്ധിച്ചാണ്. വശങ്ങളിലൂടെയുള്ള കാഴ്ചയാണെന്ന് ഉറപ്പുള്ള ഇത് എങ്ങനെ സോക്സിന് ബാധകമാകും?
സോക്സ് ധരിച്ച് നിസ്കരിക്കുമ്പോൾ താഴ്ഭാഗത്ത് കൂടി തന്നെയാണല്ലോ കാണുന്നത്. അതിനെ വശം എന്ന് ഭാഷാപരമായി ഉപയോഗിക്കാനാവില്ല. ഖുഫയും സോക്സും എല്ലാകാലത്തും ഉപയോഗിക്കുന്നതാണെന്നിരിക്കെ അതിനെക്കുറിച്ച് പറയാതെ വശങ്ങളിലൂടെ ഔറത്ത് വെളിവാകുന്നതിനുള്ള ഉദാഹരണമായി പണ്ഡിതൻമാർ പറഞ്ഞത് മുകളിൽ പറഞ്ഞ മുഖ മക്കനെക്കിടയിലൂടെയുള്ള കാഴ്ചയും കുപ്പായ കൈയിന്റെ ഇടയിലൂടെയുള്ള കാഴ്ചയുമൊക്കെയാണ്.
താഴ്ഭാഗത്തിലൂടെയുള്ള കാഴ്ച ആവാം എന്ന് നമ്മുടെ ഇമാമുകൾ പറഞ്ഞ ഒരു സ്ഥലത്തും ബിഗ് യയിൽപറഞ്ഞ വിശദീകരണം കാണുന്നില്ല. അപ്പോൾ അത് ആ ഫത്‍വ നൽകിയ ആളുടെ മാത്രം വീക്ഷണമാണ്. ഫത്‌വകൾ സമാഹരിച്ച ബിഗ്‌യ ആധികാരിക ഫത്‌വ ഗ്രന്ഥമൊന്നുമല്ലല്ലോ.
നിസ്കാരത്തിൽ പറഞ്ഞ ഈ ഔറത്ത് തന്നെയാണ് ത്വവാഫിലും പറഞ്ഞിട്ടുള്ളത്. ത്വവാഫിൽ സോക്സ് ധരിച്ചാണ് കാൽപാദം മറക്കാറുള്ളത്. ഇത് പറ്റില്ല എന്ന് പണ്ഡിതന്മാരുടെ കിതാബുകളിലോ ഫത് വകളിലോ കാണുന്നില്ല. മാത്രമല്ല, നിലത്ത് ഇഴയുന്ന നിസ്കാര കുപ്പായം ധരിച്ചുകൊണ്ട് നടക്കലും ത്വവാഫ് ചെയ്യലും വളരെയധികം പ്രയാസകരമാണ്. മറ്റുള്ളവർ പിന്നിൽ നിന്ന് ചവിട്ടി അപകടം ഉണ്ടാകും.
സ്ത്രീ മുൻകൈ ഒഴികെയുള്ള ഭാഗങ്ങൾ മറച്ചതിനുശേഷം കുപ്പായ കയ്യിന്റെ ഉള്ളിലൂടെ കാണുന്നതിന് പ്രശ്നമില്ല എന്ന് ഇമാം റംലി (റ) പ്രബലപ്പെടുത്തുന്നു. അതിന് താഴ്ഭാഗത്തിലൂടെയുള്ള കാഴ്ചയായിട്ടാണ് ഇമാം വിലയിരുത്തിയത്. ഈ അഭിപ്രായത്തെ ഇമാം ഇബ്നു ഹജർ (റ) തുഹ്ഫ അല്ലാത്ത പല ഗ്രന്ഥങ്ങളിലും ശരിവെച്ചിട്ടുണ്ട്.
പരിഹാരം എന്ത്?
ഈ രണ്ടു ന്യായങ്ങളും പരിശോധിച്ചു പണ്ഡിതന്മാർ തീരുമാനം പറയട്ടെ. പരമാവധി സ്ത്രീകൾ സൂക്ഷ്മത പാലിക്കുകയും ചെയ്യട്ടെ. തർക്കമില്ലാത്ത പരിഹാരം.
ഇമാം അബൂഹനീഫ (റ) മദ്ഹബിലും ഇമാം മുസ്നി (റ)ൻ്റെ വീക്ഷണത്തിലും സ്ത്രീ നിസ്കരിക്കുമ്പോൾ കാൽ പാദം മറക്കൽ നിർബന്ധമില്ല. ഒരു അവയവത്തിൻ്റെ കുറച്ചു ഭാഗങ്ങൾ വെളിപ്പെട്ടാലും നിസ്കാരം ശരിയാവും.
അതിനാൽ സോക്സ് കയ്യിൽ ഇല്ലാത്തതിന്റെ പേരിൽ സ്ത്രീകൾ ഒരിക്കലും നിസ്കാരം ഉപേക്ഷിക്കരുത്.
പകരം ഈ അഭിപ്രായം സ്വീകരിച്ചുകൊണ്ട് നിസ്കാരം നിർവഹിക്കണം. സ്ത്രീകൾക്ക് പണ്ഡിതന്മാർ ഈ മാർഗം പറഞ്ഞു കൊടുക്കുന്നത് അഭികാമ്യമാണ് എന്ന് അഭിപ്രായപ്പെടുന്നു.