വിത്തൗട്ട് മഹ്റം എന്ന ദുരിത പരാജയം

മുഈനുദ്ദീൻ ബാഖവി
2026 ജൂലൈ 312 മിനിറ്റ്ഹജ്ജ്

പുരുഷ തുണയില്ലാതെ ഹജ്ജിന് കൊണ്ടുവന്ന് മുസ്ലിം സ്ത്രീകളെ എന്തിനാണ് ഗവണ്മെന്റ് ഇങ്ങനെ പ്രയാസപ്പെടുത്തുന്നത്?

ഇനിയും വിത്തൗട്ട് മഹ്റം തുടരണം എന്ന് ഇവരുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ ഒരാൾക്ക് പോലും അഭിപ്രായമുണ്ടാവില്ല.
എവിടുന്നാണാവോ ഗവർമെന്റിന് ഇങ്ങനെ ഒരു ആശയം ഉദിച്ചത്.

ഗവൺമെന്റിന് മുസ്ലിം സ്ത്രീകളോടുള്ള മുഹബ്ബത്ത് മൂത്തിട്ടോ സ്ത്രീകൾ ഹജ്ജ് ചെയ്യാതെ പോവുന്നതിലുള്ള ഗവണ്മെന്റ് അധികാരികളുടെ പ്രയാസം കൊണ്ടാവാൻ ഏതായാലും നിർവാഹമില്ല.

മഹ്റമോ ഭർത്താവോ ഇല്ലാതെ സ്ത്രീക്ക് ഹജ്ജ് യാത്ര നിർബന്ധമില്ല എന്ന ഇസ്ലാമിക നിയമത്തിന്റെ യുക്തിയും പൂർണ്ണതയും വ്യക്തമാവുന്നതാണ് വിത്തൗട്ട് മഹ്‌റം വഴി ഹജ്ജിനെത്തിയ സ്ത്രീകൾ അനുഭവിച്ച പ്രയാസങ്ങൾ. ഈ വർഷം അത് ലൈവ് ആയി മനസ്സിലാക്കാൻ പറ്റിയതുകൊണ്ട് തുറന്നു പറയുകയാണ്. ഹാജി ഉള്ളിടത്തൊക്കെ സഹായവുമായി ഓടിയെത്തുന്ന KMCC ക്ക് ഇത് നന്നായി അറിയാമായിരിക്കും.

അനുഭവങ്ങളിൽ നിന്ന് പറയട്ടെ, ഒരു കെട്ടിടത്തിൽ ആയിരത്തോളം പേർക്കാണ് താമസം ഉണ്ടാവുക.മിക്ക ആളുകളും പ്രായം ചെന്നവരാണ്. പലർക്കും ലഭിച്ചത്പൊ ട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടമാണ്. ഹാജിയുടെ അവകാശങ്ങളെ കുറിച്ചും കാര്യങ്ങൾ ആരോട് പറയണമെന്നും പലർക്കും അറിയുമായിരുന്നില്ല. ഭക്ഷണ താമസ സൗകര്യങ്ങൾ പലർക്കും വളരെ വൈകിയാണ് സെറ്റ് ആയത്. അതും പരിമിതമായിരുന്നു. ഭക്ഷണം കിട്ടാതെ വിശന്നു കരഞ്ഞ സംഭവത്തിന് എൻ്റെ റൂമിൽ നിന്ന് തന്നെ ഞാൻ സാക്ഷിയായിട്ടുണ്ട്.

ഞങ്ങൾ മക്കയിലെത്തിയ ഉടനെ സിം കാർഡ് കൈവശപ്പെടുത്തി മറ്റുള്ളവരുമായി കോൺടാക്ട് ആരംഭിച്ചപ്പോൾ സ്ത്രീകൾക്കത് കിട്ടാൻ ദിവസങ്ങൾ എടുത്തു. അങ്ങനെ അവർ തീർത്തും ഒറ്റപ്പെട്ട സ്ഥിതിയിലായി.

സ്ത്രീകളോട് മാത്രമായുള്ള അധിക മുഹബ്ബത്താണെങ്കിൽ ഒരു സിംകാർഡ് എങ്കിലും വിമാനം ഇറങ്ങിയ ഉടനെ അവർക്ക് കൊടുക്കാമായിരുന്നില്ലേ?

അവരുടെ കാര്യം അന്വേഷിച്ച് അങ്ങോട്ട് ചെല്ലാൻ ബന്ധത്തിൽപ്പെട്ട പുരുഷന്മാർക്ക് അനുവാദം ഉണ്ടായിരുന്നില്ല എന്നത് ബന്ധുക്കളെയും പ്രയാസപ്പെടുത്തുന്നതായിരുന്നു.

ഗവൺമെൻറ് പ്രതിനിധി എന്ന SHI ക്ക് തന്റെ കീഴിൽ വരുന്ന 150 പേരെ വെച്ച് എത്രത്തോളം ചെയ്യാനാവും? അതും സാങ്കേതിക സഹായം മാത്രം.

അതുകൊണ്ടുതന്നെ, ത്വവാഫിനും ഹജ്ജിനും വേണ്ടതുപോലെ ഗൈഡൻസ് കിട്ടാതെ എങ്ങനെയൊക്കെയോ ഒരു ഹജ്ജ് എന്നതായിരുന്നു വിത്തൗട്ട് മഹ്‌റം ഹജ്ജിന്റെ സ്ഥിതി.

മഹ്റം ഇല്ലാത്ത ഹജ്ജ് നിഷിദ്ധമാണ് എന്നല്ല പറയുന്നത്. ഹജ്ജ് പോലെയുള്ള ഒരു മഹത്തായ കർമ്മം റാഹത്തായി ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്തിന് നമ്മുടെ സ്ത്രീകൾ റിസ്ക് എടുത്ത് ഇത്തരം കാര്യങ്ങൾക്ക് മുതിരുന്നു ?

ഗവൺമെൻറ് ഇത് ഇനിയും അനുവദിക്കാനാണ് സാധ്യത. മുസ്ലിം സ്ത്രീകളോടുള്ള ഗവൺമെന്റിന്റെ സ്നേഹം അത്രക്കും തീവ്രമാണല്ലോ.
ഈ കാറ്റഗറിയിൽ സ്ത്രീകൾ ഹജ്ജിനു വരരുത് എന്നും നമ്മുടെ സ്ത്രീകളെ അതിൽ നിന്ന് പിന്തിരിപ്പിക്കണം എന്നുമാണ് എൻറെ അഭിപ്രായം.

അങ്ങനെ പോകുന്നവർ സ്വകാര്യ ഗ്രൂപ്പ് വഴി പോട്ടെ.

© 2026 മുഈനുദ്ദീൻ ബാഖവി. All rights reserved.